ദ ലാസ്റ്റ് അവർ; സിക്കിമിൻ്റെ ഭംഗിയാൽ കണ്ടിരിക്കാം

-സന്ദീപ് സന്തോഷ്-ദ ലാസ്റ്റ് അവർ; സിക്കിമിൻ്റെ ഭംഗിയാൽ കണ്ടിരിക്കാം പുതിയ സിനിമകളും നേരിട്ട് ഡിജിറ്റൽ റിലീസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാലും ഇന്ത്യയിലെ ഒടിടി പ്രേക്ഷകർ കൂടുതൽ താൽപ്പര്യത്തോടുകൂടി കാത്തിരിക്കുന്നത് വെബ്ബ് സീരീസുകൾക്കാണ്. ക്രിയേറ്റീവും അതിനൊപ്പം പുതുമയുള്ളതുമായ കണ്ടൻ്റുകൾക്കൊപ്പം, കഴിവുണ്ടായിട്ടും സിനിമയിൽ മുഖ്യധാരയിലേക്ക് എത്താത്ത താരങ്ങളുടെ സാന്നിധ്യവുമാണ് പ്രേക്ഷകരെ വെബ്ബ് സീരീസുകളിലേക്ക് ആകൃഷ്ടരാക്കുന്നത്. മുത്തശ്ശിക്കഥകളും, മിത്തുകളും കേട്ടുവളർന്ന ഇന്ത്യൻ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു പ്ലോട്ടുമായി ആമസോൺ പ്രൈമിൽ നിന്നും പുതിയൊരു ഹിന്ദി സീരീസ് മെയ് 14-മുതൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. എന്ന 8 എപ്പിസോഡുകളുള്ള സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് അമിത് കുമാറാണ്. നവാസുദ്ദീൻ സിദ്ദിഖി, വിജയ് വർമ്മ തുടങ്ങിയവർ അഭിനയിച്ച ബോളിവുഡ് ചിത്രം 'മൺസൂൺ ഷൂട്ടൗട്ടി'ൻ്റെ സംവിധായകനാണ് അമിത് കുമാർ. സഞ്ജയ് കപൂർ, കർമ്മ ടകാപ, ഷഹാന ഗോസ്വാമി, ടെൻസിൻ ചൂഡൻ, മന്ദാകിനി ഗോസ്വാമി, ഷൈലി കൃഷെൻ, റോബിൻ തമംഗ്, റൈമ സെൻ തുടങ്ങിയവരാണ് സീരീസിൽ അഭിനയിച്ചിരിക്കുന്നത്. Also Read: അരുപ് (സഞ്ജയ് കപൂർ) എന്ന പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ മരണശേഷം ഏകമകൾ പരിയുമായി (ഷൈലി കൃഷെൻ) മുംബൈയിൽ നിന്നും സിക്കിമിലേക്ക് ട്രാൻസ്ഫറായി വരുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. ഒരു സംഭാഷണത്തിൽ, മുംബൈയിൽ ദിവസേന കുറഞ്ഞത് 5 കൊലപാതകങ്ങളെങ്കിലും ഉണ്ടാകുമെന്ന് പറയുന്ന അരുപിനോട് കമ്മീഷ്ണർ പറയുന്നത് ഇവിടെ മൂന്ന് വർഷത്തിൽ 5 കൊലപാതകങ്ങൾ പോലും നടക്കില്ല എന്നാണ്. അരുപിനും അത്തരമൊരു ശാന്ത ജീവിതമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ പെട്ടെന്നു തന്നെ അവിടെയൊരിടത്ത് ഒരു ബംഗാളി നടി കൊല്ലപ്പെടുന്നു. അരുപ് കേസ് അന്വേഷിക്കാൻ ആരംഭിക്കുന്നതിനു ശേഷം പലപ്പോഴായി അവിടെ കൊലപാതകങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. അന്വേഷണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ അരുപ് പരിചയപ്പെടുന്ന പ്രദേശവാസിയായ കഥാപാത്രമാണ് ദേവ് (കർമ്മ ടകാപ). ജാകിരി എന്ന് വിളിക്കുന്ന ഗോത്രക്കാരനായ ദേവിന് ഒരു പ്രത്യേക താന്ത്രിക വിദ്യയിലൂടെ മരിച്ചവരുടെ ആത്മാവുമായി സംസാരിക്കാനുള്ള കഴിവുണ്ട്. ദേവിൻ്റെ ഇളയ സഹോദരൻ കൊല്ലപ്പെടുമ്പോൾ ഈ കഴിവുപയോഗിച്ച് അവിടെ നടന്നതെന്താണെന്ന് അയാൾ മനസ്സിലാക്കുമ്പോൾ അരുപിനും അയാളിൽ വിശ്വാസമുണ്ടാകുന്നു. Also Read: ഒരു ഘട്ടത്തിൽ തൻ്റെ ജീവൻ രക്ഷിക്കുകയും ചെയ്യുന്ന ദേവിനെ അരുപ് തൻ്റെയൊപ്പം കേസ് അന്വേഷണത്തിന് കൂട്ടുകയാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സീരീസിൽ കാണാനുള്ളത്. ആദ്യം സൂചിപ്പിച്ചതു പോലെ സീരിസിൻ്റെ ഹൈലൈറ്റ് പ്രേക്ഷകർക്ക് താൽപ്പര്യമുളള പ്ലോട്ടാണ് അതിൻ്റേത് എന്നതാണ്. സൂപ്പർനാച്വറലായ കാര്യങ്ങൾ പല തവണ പല തരത്തിലായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് നമ്മൾ കണ്ടിട്ടുണ്ട്. ആത്മാക്കളോട് സംസാരിക്കുക എന്നതിനപ്പുറം, അവരുടെ സഹായത്താൽ ഭൂതകാലത്തേക്ക് സഞ്ചരിക്കാൻ കഴിയുന്നയാളാണ് ഇവിടെ ദേവ് എന്ന കഥാപാത്രം. അതുപോലെ യമനാഡു എന്ന വില്ലൻ കഥാപാത്രത്തിന് മറ്റുള്ളവരുടെ ഭാവി കാണാനും കഴിയും. പക്ഷേ ഇത്തരത്തിൽ വേറിട്ടു നിൽക്കുന്നതും ആകാംക്ഷ ഉണർത്തുന്നതുമായ വിഷയത്തെ ആധാരമാക്കി ഒരുക്കിയ തിരക്കഥ വളരെ ദുർബ്ബലമാണ്. ദേവ്, അരുപ്, പരി തുടങ്ങിയ കഥാപാത്രങ്ങളെ കുറ്റമറ്റതായ രീതിയിൽ മിനുസപ്പെടുത്തിയ തിരക്കഥയിൽ ബാക്കിയുള്ള കഥാപാത്രങ്ങളുടെ സൃഷ്ടിയിൽ പൂർണ്ണത കാണാൻ കഴിയില്ല. ആ കുറവ് ഏറ്റവും അധികം നിഴലിക്കുന്നത് വില്ലൻ കഥാപാത്രത്തിലാണ്. യമനാഡു എന്ന പ്രധാന വില്ലനും അയാളുടെ സഹായി താപ്പയും സ്വാർത്ഥരും അതിക്രൂരന്മാരും ആണ്. എന്നാൽ അത്യന്തം അപകടകാരികളായ ഇവരെ സീരീസിൽ ചിത്രീകരിച്ചിരിക്കുന്നത് വളരെ സിമ്പിളായാണ്. കോമഡി ചിത്രങ്ങളിലെ വില്ലന്മാരെപ്പോലെയാണ് യമനാഡുവും താപ്പയും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം മായാവി എന്ന ചിത്രകഥയിലെ വിക്രമനും മുത്തുവും പോലെ. ഈ കഥാപാത്രങ്ങൾ ഒരിക്കലും അങ്ങനെയല്ല അവതരിപ്പിക്കപ്പെടേണ്ടിയിരുന്നതെന്ന് സീരീസ് കാണുമ്പോൾ ആർക്കും തോന്നും. Also Read: ഈ കഥാപാത്രങ്ങളിൽ കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ സീരീസ് ഗംഭീര അനുഭവം സമ്മാനിക്കുമായിരുന്നു. സിക്കിം പശ്ചാത്തലമാക്കിയപ്പോൾ സീരീസിൽ പ്രാദേശികരായ അഭിനേതാക്കളെ ഉൾക്കൊള്ളിച്ചതാണ് സംവിധായകൻ്റെ ഒരു മികച്ച നീക്കമായി പറയാനുള്ളത്. ഈ താരങ്ങളുടെ നിറസാന്നിധ്യം സീരീസിനെ ജീവസ്സുറ്റതാക്കി മാറ്റിയിരിക്കുന്നു. താളപ്പിഴകളുള്ള തിരക്കഥയുമായി സീരീസ് ഒരുക്കിയതിൻ്റെ കുറവുകൾ 'ലാസ്റ്റ് അവറിൽ' പല ഭാഗത്തും നിഴലിക്കുന്നുണ്ട്. അത്തരം കുറവുകളൊന്നും പരിഹരിക്കാൻ സംവിധായകനെന്ന നിലയിൽ അമിത് കുമാറിന് കഴിഞ്ഞിട്ടില്ല. വിഷയത്തിന് അനുസരിച്ചുള്ള വേഗത സീരീസിൽ കൊണ്ടുവരാനും സംവിധായകന് കഴിഞ്ഞിട്ടില്ല. ഏകദേശം അര മണിക്കൂർ മാത്രം ദൈർഘ്യമുള്ള എപ്പിസോഡുകളായിരുന്നിട്ടും എട്ട് എപ്പിസോഡ്സും സ്ലോ ആയാണ് അനുഭവപ്പെടുന്നത്. സീരീസിൽ പങ്കുവെയ്ക്കുന്ന പല കാര്യങ്ങളിലും വ്യക്തതക്കുറവുണ്ട്. ക്ലൈമാക്‌സിലടക്കം പ്രേക്ഷകർക്ക് ആശയക്കുഴപ്പമുണ്ടാകാനുള്ള സാഹചര്യങ്ങൾ നിരവധിയാണ്. ദേവിൻ്റെ ഭൂതകാലത്തേക്കുള്ള യാത്രയാണ് കഥയിലെ ഏറ്റവും ആകർഷകമായ ഭാഗം. അതിനുള്ള ഉചിതമായ സാഹചര്യം ഒരുക്കുന്നതിലും പലപ്പോഴും സംവിധായകൻ പരാജയപ്പെടുകയായിരുന്നു. ഒരു ക്രൈം സീൻ കാണിക്കുമ്പോൾ, അവിടെ ശരിക്കും എന്തായിരിക്കും നടന്നതെന്നറിയാൻ പ്രേക്ഷകരിൽ നല്ല ആകാംക്ഷയുണ്ടാക്കാൻ സംവിധായകന് സാധിക്കണമായിരുന്നു. ആകാംക്ഷയുടെ ശിഖിരത്തിൽ നിന്നുകൊണ്ട് പ്രേക്ഷകർ ദേവിലൂടെ കഴിഞ്ഞുപോയ കാലത്തേക്ക് എത്താൻ സ്വയം ആഗ്രഹിക്കണം, അതായിരുന്നു വേണ്ടിയിരുന്നത്. സാധ്യതകൾ ഉണ്ടായിരുന്നിട്ടും രംഗങ്ങളെ കൂടുതൽ ത്രില്ലിംഗ് ആക്കാൻ സംവിധായകൻ ശ്രമിച്ചതേയില്ല. Also Read: സീരീസിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച എല്ലാ കലാകാരന്മാരും കലാകാരികളും ശ്രദ്ധേയ പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. സാധാരണ കണ്ടുവരുന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും വ്യത്യസ്തനാക്കി അരുപിനെ അവതരിപ്പിക്കാൻ സഞ്ജയ് കപൂറിന് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിൽ തുടക്കക്കാരനാണെങ്കിലും കർമ്മ ടകാപ മികച്ച കയ്യടക്കത്തോടെ തൻ്റെ വേഷം കൈകാര്യം ചെയ്തു. സിനിമയിലും സീരീസിലും സുപ്രധാന കഥാപാത്രമായി ഇനിയും നടനെ പ്രതീക്ഷിക്കാവുന്നതാണ്. ബാക്കിയുള്ള ഘടകങ്ങളുടെ കാര്യമെടുത്താൽ അതിൽ ഛായാഗ്രഹണം സ്കോർ ചെയ്യുന്നതായി കാണാം. സിക്കിം എന്ന വടക്കു കിഴക്കൻ സംസ്ഥാനത്തിൻ്റെ രൂപഭംഗി ഓരോ എപ്പിസോഡുകളിലും ധാരാളം നിറച്ചിട്ടുണ്ട്. സ്വപ്നത്തിൽ ഒരു യാത്ര പോയതിൻ്റെ ഫീൽ നൽകുന്ന ദൃശ്യങ്ങളാണ് എല്ലാം. വിഷയത്തിനു ചേരുന്ന കളർ ഗ്രേഡിംങും ഫ്രയിമുകളിൽ കാണാൻ കഴിഞ്ഞു. രംഗങ്ങളിൽ ത്രിൽ കൊണ്ടുവരാൻ സംവിധായകന് കഴിയാതെ പോയതിൻ്റെ ഒരു പ്രധാന കാരണം യോജിച്ച പശ്ചാത്തല സംഗീതത്തിൻ്റെ കുറവുകൂടിയാണ്. ആകർഷകമായ ഒരു പശ്ചാത്തല സംഗീതത്തിന് സീരിസിനെ ഒരുപാട് സഹായിക്കാൻ കഴിയുമായിരുന്നു. ട്വിസ്റ്റുകൾ, സസ്പെൻസ്, ഉദ്വേഗജനകമായ രംഗങ്ങൾ എന്നിവയിൽ കൂടുതലായി പ്രതീക്ഷ നൽകാതെ കാണാൻ ശ്രമിച്ചാൽ കണ്ടിരിക്കാനാകുന്ന ഒരു സീരീസാണ് ദ ലാസ്റ്റ് അവർ. Also Read: അക്ഷയ് കുമാർ നായകനായി 2009-ൽ റിലീസ് ചെയ്ത '8×9 തസ്‌വീർ' എന്ന ചിത്രവും സമാനമായ ആശയം പങ്കുവെച്ചിരുന്നു. അതിൽ നായകന് ഒരു ഫോട്ടോയിലൂടെ ആ ഫോട്ടോ എടുത്തതിന് തൊട്ടു മുൻപത്തെ കാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. തീയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ആ ചിത്രത്തിന് ഇപ്പോഴും ആരാധകരുണ്ട്. അതുപോലെ, ഇത്തരം കഴിവുകളേക്കുറിച്ച് ചിന്തിക്കുകയും അതുമായി ബന്ധപ്പെട്ട കഥകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ 'ദ ലാസ്റ്റ് അവർ' തീർച്ചയായും കാണാവുന്നതാണ്.
ആത്മാക്കളോട് സംസാരിക്കുക എന്നതിനേക്കാളേറെ ഇവിടെ ദേവ് എന്ന കഥാപാത്രം അവരുടെ സഹായത്താൽ ഭൂതകാലത്തേക്ക് സഞ്ചരിക്കാൻ കഴിയുന്ന ആളാണ്.
ദ ലാസ്റ്റ് അവർ; സിക്കിമിൻ്റെ ഭംഗിയാൽ കണ്ടിരിക്കാം ദ ലാസ്റ്റ് അവർ; സിക്കിമിൻ്റെ ഭംഗിയാൽ കണ്ടിരിക്കാം Reviewed by Sachin Biju on May 14, 2021 Rating: 5

No comments:

Powered by Blogger.