'ഈ ഉണ്ടാക്കുന്ന കാശൊക്കെ എവിടെക്കൊണ്ടുപോയി വെയ്ക്കുന്നു ചേച്ചി', അന്ന് ഉർവശിയോട് ഒറ്റ ഡയലോഗ്; 'നായാട്ടി'ന് പിന്നിലെ ബ്രെയിൻ ഈ മനുഷ്യനാണ്!
വനിത മാസികയുടെ ഫോട്ടോഗ്രാഫറായിട്ടാണ് ഏറെ നാള്‍ മാര്‍ട്ടിൻ പ്രക്കാട്ട് ജോലി ചെയ്തത്. അതിനിടയിലാണ് 2005-ൽ സത്യൻ അന്തിക്കാട് ഒരുക്കിയ ‘അച്ചുവിന്‍റെ അമ്മ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു അഭിമുഖത്തിന്‍റെ ഭാഗമായി ചിത്രങ്ങളെടുക്കാൻ അദ്ദേഹമെത്തിയത്. ആ വരവ് വെറുതെയായില്ല. ചിത്രത്തിൽ അഭിനയിക്കാനും മാര്‍ട്ടിന് അവസരം ലഭിക്കുകയായിരുന്നു.
ഉർവശി അവതരിപ്പിച്ച വനജ എന്ന കഥാപാത്രത്തിന്‍റെ വീട്ടിൽ തയ്ച്ച വസ്ത്രങ്ങൾ വാങ്ങാനെത്തുന്നയാളായാണ് മാര്‍ട്ടിൻ ചിത്രത്തിൽ എത്തിയത്. ഫാഷൻ ഹൗസ് എന്ന പേരുള്ളൊരു വണ്ടിയിലെത്തി ഉർവശിയോട് സംസാരിക്കുന്നതായാണ് രംഗം. ബ്ലാക്കിന്‍റെ ഷെയ്ഡിൽ മഞ്ഞ ഡിസൈനുള്ളത് നന്നായി മൂവ് ചെയ്യുന്ന ഐറ്റമാ, അത് കുറച്ച് കൂടുതൽ കിട്ടിയാൽ കൊള്ളാന്ന് മുതലാളി പറഞ്ഞുവെന്നാണ് മാർട്ടിൻ പറയുന്ന ഡയലോഗ്. മുതലാളിയോട് അഡ്വാൻസായിട്ട് കുറച്ച് കാശ് തരാൻ പറ മെറ്റീരിയൽസ് വാങ്ങണ്ടേയെന്നാണപ്പോള്‍ ഉര്‍വശിയുടെ മറുപടി, ഈ ഉണ്ടാക്കുന്ന കാശൊക്കെ എവിടെക്കൊണ്ടേ വയ്ക്കുന്നുചേച്ചിയെന്നാണപ്പോള്‍ മാര്‍ട്ടിന്‍റെ കൗണ്ടര്‍.
Also Read:
കോളേജിൽ പഠിക്കുന്ന കാലത്ത് സർവ്വകലാശാല കലോത്സവത്തിൽ ബെസ്റ്റർ ആക്ടർ ആയിട്ടുള്ളയാള്‍ കൂടിയാണ് മാര്‍ട്ടിൻ. പത്തുവര്‍ഷത്തോളം ഫോട്ടോഗ്രാഫറായി ജോലിചെയ്തിരുന്ന മാര്‍ട്ടിൻ 2010ൽ മമ്മൂട്ടിയെ നായകനാക്കി ‘ബെസ്റ്റ് ആക്ടർ’ സംവിധാനം ചെയ്തായിരുന്നു സംവിധായകനായുള്ള തുടക്കം. പിന്നീട് തീവ്രം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ദുൽഖറിനെ നായകനാക്കി എ ബി സി ഡി, ചാർളി എന്നീ സിനിമകളൊരുക്കി. ചാര്‍ളിയിലൂടെ മികച്ച തിരക്കഥയ്ക്കും സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
അതിനുശേഷം 'ഉദാഹരണം സുജാത' എന്ന സിനിമ നിര്‍മ്മിച്ചിട്ടുമുണ്ട്. മാർട്ടിൻ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. മികച്ച പ്രതികരണം നേടികൊണ്ട് നെറ്റ്ഫ്ലിക്സിൽ ജൈത്രയാത്ര തുടരുകയാണ് നായാട്ട്. ഗോള്‍ഡ് ക്വയിൻ മോഷൻ പിക്ചേഴ്സ് കമ്പനിയുടേയും മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസിന്‍റെയും ബാനറിൽ രഞ്ജിത്തും പിഎം ശശിധരനും മാര്‍ട്ടിൻ പ്രക്കാട്ടും ചേർന്നാണ് നിര്‍മ്മാണം.
കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനും ഒന്നിച്ച 'നായാട്ട്' എന്ന ചിത്രം തീയേറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്‍ഫ്ലിക്സിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ലോകമെങ്ങുനിന്നും ചിത്രത്തിന് ലഭിക്കുന്നത്. നെറ്റ്‍ഫ്ലിക്സ് ഇന്ത്യ നമ്പർ 1 ആയിരിക്കുകയാണ് ചിത്രം. ഷാഹി കബീര്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടാണ്. ക്യാമറയ്ക്ക് പിന്നിൽ മാത്രമല്ല അഭിനേതാവായും മാർട്ടിൻ മുമ്പൊരു സിനിമയിൽ എത്തിയിട്ടുണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ സിനിമാഗ്രൂപ്പുകളിൽ അദ്ദേഹം അഭിനയിച്ച പഴയൊരു സിനിമയെ കുറിച്ചുള്ള ചർച്ചകള്‍ നടക്കുകയാണ്.
No comments: