പെരുന്നാൾ ചിത്രം ''; വാണ്ടഡ് ഭായിയുടെ കൊറിയൻ കഥ!
തീയേറ്ററിൽ ഉത്സവം തീർക്കുന്ന ക്രൗഡ് പുള്ളേഴ്സായ താരങ്ങളുടെ എണ്ണം ദക്ഷിണേന്ത്യയിൽ കൂടുതലാണ്, എന്നാൽ ഇപ്പോൾ ബോളിവുഡിൽ ആ സ്ഥാനത്ത് ഒരാൾ മാത്രമാണുള്ളത് - സൽമാൻ ഖാൻ. ഈദിന് ബ്രഹ്മണ്ഡ ചിത്രങ്ങളുമായി എത്തുന്ന സല്ലുഭായി ആരാധകരോടുള്ള വാക്ക് പാലിച്ചുകൊണ്ട് ഇത്തവണയും തൻ്റെ ചിത്രം ഈദിനു തന്നെ റിലീസ് ചെയ്തിരിക്കുകയാണ്. പ്രഭുദേവ സംവിധാനം ചെയ്തിരിക്കുന്ന "രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായി''യാണ് സല്ലുഭായിയുടെ പുതിയ പെരുന്നാൾ ചിത്രം. ആരാധകരുടെ ഭായിജാൻ സൽമാൻ നായകനായ ചിത്രങ്ങൾ നിരൂപകരിൽ നിന്നും വിമർശനങ്ങൾ നേരിട്ടാൽപ്പോലും ബോക്സോഫീസിൽ വൻ നേട്ടം ഉണ്ടാക്കിയിട്ടുള്ള ചരിത്രമാണുള്ളത്.
Also Read:
ഹൈബ്രിഡ് റിലീസായാണ് രാധേ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിരലിലെണ്ണാവുന്ന തീയേറ്ററുകളിലും, ഇന്ത്യക്ക് പുറമെയുള്ള തിയേറ്ററുകളിലും റിലീസ് ചെയ്യുന്നതിനൊപ്പം, സീ5-സീപ്ലെക്സ്, ഡിറ്റിഎച്ച് മാധ്യമങ്ങളിലൂടെയും ചിത്രത്തിൻ്റെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. 249 രൂപ കൊടുത്ത് ഒരു തവണ ചിത്രം കാണാനുള്ള അവസരമാണ് സീ5-സീപ്ലെക്സ്, ഡിറ്റിഎച്ച് മാധ്യമങ്ങളിലൂടെ ഒരുക്കിയിരിക്കുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത സൽമാൻ്റെ ദബംഗ് 3 ആയിരുന്നു സൽമാൻ്റെ അവസാനമെത്തിയ ചിത്രം. അതിനുശേഷം കഴിഞ്ഞ വർഷത്തെ ഈദിന് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന ചിത്രമായ 'രാധേ' നിർമ്മിച്ചിരിക്കുന്നത് പ്രധാനമായും സൽമാൻ ഖാൻ ഫിലിംസാണ്. രൺദീപ് ഹൂഡ, ദിഷ പടാനി, ജാക്കി ഷ്റോഫ്, മേഘ ആകാശ്, ഭരത് ശ്രീനിവാസൻ, ഗൗതം ഗുലാട്ടി, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
പ്രഭുദേവ ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'വാണ്ടഡി'ലെ സൽമാൻ്റെ കഥാപാത്രത്തിൻ്റെ തുടർച്ചയാണ് 'രാധേ'യിലും കാണുന്നത്. ചിത്രത്തിൽ ഇത് വ്യക്തമല്ലെങ്കിലും അനുഭവപ്പെടുന്നത് അങ്ങനെയാണ്. സൽമാൻ ഖാൻ്റെ ആക്ഷൻ ഹീറോയായുള്ള ഇന്നത്തെ താരപരിവേഷത്തിൻ്റെ തുടക്കം കുറിച്ച ചിത്രമായിരുന്നു 'പോക്കിരി'യുടെ റീമേക്കായ 2009-ലെ വാണ്ടഡ്. ലുക്കും, സ്വഭാവവും ആ കഥാപാത്രമാണിതെന്ന് കാട്ടുമ്പോഴും ഗോവിന്ദ് നാമ്ദേവ് ഒഴികെ വാണ്ടഡിലെ ഒരു കഥാപാത്രത്തയും ചിത്രത്തിൽ കാണുന്നുമില്ല, രാധേയുടെ പൂർവ്വകാലത്തേക്കുറിച്ച് ഇതിൽ പരാമർശിച്ചിട്ടുമില്ല.
Also Read:
വാണ്ടഡുമായി ബന്ധമുള്ളതുപോലെ മറ്റൊരു ചിത്രമായും രാധേ ബന്ധപ്പെട്ടിരിക്കുന്നു- ദി ഔട്ട്‍ലോസ് (2017). 2004ൽ സിയൂൾ പോലീസ് നടത്തിയ ചൈനീസ്-കൊറിയൻ ഗ്യാങ്സ്റ്റർ ഓപ്പറേഷനെ ആധാരമാക്കി ചിത്രീകരിച്ച കൊറിയൻ സിനിമയായ ദി ഔട്ട്ലോസിൻ്റെ റീമേക്കാണ് രാധേ. ഒറിജിനലിനെ അതേപടി അനുകരിക്കാതെ, ബോളിവുഡിന് ചേരുന്ന വിധത്തിലും, സൽമാൻ്റെ ഹീറോയിസം നിലനിർത്തുന്ന രീതിയിലുമാണ് പ്രഭുദേവ ചിത്രം ഒരുക്കിയിരിക്കുന്നത്.
മുംബൈ നഗരം മയക്കുമരുന്ന് മാഫിയയുടെ പിടിയിലമരുന്നതും, കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നതുമാണ് ചിത്രത്തിൻ്റെ തുടക്കത്തിൽ കാണുന്നത്. പോലീസിൻ്റെ കഴിവുകേടിനെ മാധ്യമങ്ങൾ വിമർശിക്കുന്ന രീതിയിൽ പ്രശ്നം ഗുരുതരമാകുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ പുതിയ ഓഫീസറെ കേസ് ഏൽപ്പിക്കുന്നു. അതാരായിരിക്കുമെന്ന് ഊഹിക്കാമല്ലോ, അതെ.. രാധേ (സൽമാൻ ഖാൻ). അതി ക്രൂരനായ റാണയും (രൺദീപ് ഹൂഡ) രണ്ട് കൂട്ടാളികളും അക്രമം അഴിച്ചുവിട്ട് നഗരത്തെ ഭീതിയിലാഴ്ത്തുമ്പോൾ,
Also Read:
എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ രാധേ ഈ ഗ്രൂപ്പിനെ പിടികൂടാൻ ശ്രമിക്കുന്നു. രാധേയും, റാണയും തമ്മിലുള്ള ക്ലാഷുകളും അതിൻ്റെ അവസാനവുമാണ് ചിത്രത്തിൽ കാണാനായുള്ളത്. 'രാധേ'യുടെ ട്രെയിലറും, ഗാനങ്ങളും ആദ്യം വിമർശിക്കപ്പെടുകയും, നിരവധി ട്രോളുകൾക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. പക്ഷേ ക്രമേണ ചിത്രത്തിൻ്റെ ഓരോ പ്രോമോകളും, ഗാനങ്ങളും ഹിറ്റായി മാറുകയായിരുന്നു. സിനിമയുടേയും കാര്യം ഇങ്ങനെയായിരിക്കും. കുറ്റപ്പെടുത്താനും കളിയാക്കാനുമായി 'രാധേ'യിൽ ഒരുപാട് അവസരങ്ങൾ വീണുകിടപ്പുണ്ട്, എന്നാൽ അതിലൊന്നും ചിത്രം തളരാതിരിക്കാൻ സൽമാൻ്റെ സ്റ്റാർഡം തന്നെ ധാരാളമാണ്.
പ്രഭുദേവ ഒരുക്കിയ ദബംഗ് 3 എന്ന ചിത്രത്തിൻ്റെ അതേ ലെവലിലാണ് രാധേയും എത്തുന്നത്. മികച്ച ക്രൈം ആക്ഷൻ ത്രില്ലറിന് യോജിച്ച 'ഔട്ട്ലോസി'ൻ്റെ കഥ ബോളിവുഡ് തട്ടകത്തിലെ നിയമങ്ങൾക്കനുസൃതമായി രൂപാന്തരപ്പെടുത്തിയപ്പോൾ ഉണ്ടായ ചില പ്രശ്നങ്ങൾ രാധേയിൽ നിഴലിക്കുന്നുണ്ട്. ഒറിജിനലിൽ നിന്നും ചില രംഗങ്ങൾ അതേപടി ദൃശ്യവൽക്കരിക്കുകയും, കഥാപാത്രങ്ങളിലും സംഭവങ്ങളിലും ചിലയിടത്ത് മാറ്റങ്ങൾ വരുത്തുകയും ചെയ്തത് ഒരു തരത്തിൽ ഗുണം ചെയ്തെങ്കിലും ചില ഭാഗത്ത് അത് കല്ലുകടിയായി.
Also Read:
ആകെത്തുകയിൽ തിരക്കഥ ശരാശരി നിലവാരം പുലർത്തിയതായി കണക്കു കൂട്ടാം. പക്ഷേ, സംഭാഷണങ്ങൾ വളരെ മോശം നിലവാരത്തിലുള്ളതായിരുന്നു. തമാശയായി പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ദേഷ്യം വരികയും, പഞ്ച് ഡയലോഗുകൾ കേൾക്കുമ്പോൾ ചിരി വരികയും ചെയ്യും എന്നതാണ് സത്യം.
ആക്ഷനിൽ സൽമാൻ ഖാൻ ഇത്തവണയും ആരാധകരെ നിരാശരാക്കില്ല. ആവശ്യത്തിനുള്ള ആക്ഷൻ ചിത്രത്തിലുണ്ട്. തൻ്റെ ചിത്രത്തിലൂടെ ഒരു മെസ്സേജ് നൽകാനും താരം ശ്രമിച്ചിരിക്കുന്നു. ഇനി അഭിനയത്തിൻ്റെ കാര്യമെടുത്താൽ, വളരെ മോശം പ്രകടനം എന്നുതന്നെ പറയേണ്ടി വരും. ഡയലോഗ് ഡെലിവറിയിലും മുഖ ഭാവങ്ങളിലും ഒക്കെയായി പലപ്പോഴും അസ്വാഭാവികത നിഴലിച്ചിരുന്നു, അതിനുദാഹരണമാണ് ഇടവേളയ്ക്ക് ശേഷം മേഘ ആകാശുമായുള്ള കോംമ്പിനേഷൻ രംഗം. ജാക്കി ഷ്റോഫും, ദിഷയും തങ്ങളുടെ ജോലി തരക്കേടില്ലാതെ ചെയ്തെങ്കിലും ഇരുവർക്കും കഥയിൽ വലിയ റോളില്ലായിരുന്നു.
Also Read:
സൽമാൻ-ദിഷ കോംമ്പിനേഷൻ രംഗങ്ങൾ പൂർണ്ണമായും ചിത്രത്തിൽ നിന്ന് ഒഴിവാക്കാനാകുന്നതാണ്. ഇരുവരും തമ്മിൽ 'ഭാരതി'ൽ വർക്കൗട്ടായ കെമിസ്ട്രി ഇത്തവണ കാണാനായില്ല. ടിപ്പിക്കൽ സൽമാൻ നമ്പറുകളടങ്ങിയ ഗാനരംഗങ്ങളിൽ മേമ്പൊടിയായി എന്നതായിരുന്നു നടിയെ ഉൾപ്പെടുത്തിയതിൻ്റെ ഏക ഗുണം.
തമിഴ് നടൻ ഭരത് അടക്കം അറിയപ്പെടുന്ന പല താരങ്ങളും ചിത്രത്തിൽ പേരിന് മാത്രമായി പിറകിൽ നിൽക്കുന്നതാണ് കണ്ടത്. 'ദി ഔട്ട് ലോസിൽ' മാ ഡോങ് സിയോക് പ്രധാന വേഷത്തിലെത്തിയപ്പോൾ പ്രതിനായകനായി കട്ടക്ക് നിന്നുകൊണ്ട് യൂൻ കേ സങ്ങ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രാധേയിലും കൈയ്യടി നേടാൻ ഇതേ കഥാപാത്രത്തെ അവതരിപ്പിച്ച രൺദീപ് ഹൂഡയ്ക്ക് സാധ്യമായി. രൺദീപിൻ്റെ കഥാപാത്രവും അയാളുടെ കൂട്ടാളികളുമാണ് ചിത്രത്തിൻ്റെ വലിയൊരു പ്ലസ്സ്. ഇടവേളയ്ക്ക് മുമ്പുള്ള ജാക്വലിൻ്റ ഐറ്റം നമ്പറും തരക്കേടില്ലായിരുന്നു.
Also Read:
സൽമാൻ ചിത്രങ്ങളിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ചിത്രമാണ് രാധേ. കേവലം 109 മിനുട്ടാണ് ടൈറ്റിൽസടക്കമുള്ളത്. അതിൽ അനാവശ്യമായി കുത്തിത്തിരുകിയ സൽമാൻ്റെ റൊമാൻസ് രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ഒന്നര മണിക്കൂറിൽ പടം തീരുമായിരുന്നു! അതായിത് ത്രില്ലിങ്ങായ നല്ല സീനുകൾ ഉൾപ്പെടുത്താനുള്ള അവസരങ്ങൾ തിരക്കഥയിൽ ഉടനീളമുണ്ടായിരുന്നു.
പശ്ചാത്തല സംഗീതവും, ഗാനങ്ങളും തരക്കേടില്ലാത്തവയായി അനുഭവപ്പെട്ടപ്പോൾ ഛായാഗ്രഹണം വേണ്ടത്ര തിളങ്ങിയതായി തോന്നിയില്ല. ഭൂരിഭാഗം രംഗങ്ങളിലും കുറവൊന്നും അനുഭവപ്പെട്ടില്ലെങ്കിലും ആക്ഷൻ രംഗങ്ങളിലൊക്കെ ഉദ്വേഗത്തെ ബാധിക്കുന്ന നിലയിലാണ് രംഗങ്ങൾ പകർത്തിയിരിക്കുന്നതെന്ന് ഉറപ്പായും മനസ്സിലാകും.
Also Read:
വിഷ്വൽ എഫക്ട്സാണ് സിനിമയുടെ മറ്റൊരു പോരായ്മ്മ. ക്ലൈമാക്സ് രംഗം കണ്ടുനോക്കുക, ഹെലികോപ്ടറിൻ്റെ സീനുകൾ ഒട്ടും റിയലായി തോന്നുന്നതായിരുന്നില്ല. വി എഫ് എക്സ് പഠിച്ചതുടങ്ങുന്നവർ ചെയ്ത പ്രാക്ടിക്കൽ പോലെയാണ് പ്രസ്തുത ഭാഗമുള്ളത്. അത് കഴിഞ്ഞുള്ള ഫൈറ്റിൽ നായകൻ അയൺമാൻ ആകുന്നതും കാണാം! നായകൻ സല്ലുഭായി ആകുമ്പോൾ ഇരുമ്പുവടികൊണ്ട് അടിച്ചാലും ഏശാത്ത കൈ വേണമെല്ലോ!
നായകൻ കാറോടിച്ച് ബൈക്കുകളിൽ പോകുന്ന ഗുണ്ടകളെ പറപ്പിക്കുന്നതും, നായകൻ്റെ ഇൻട്രോയും ഇത്തരത്തിലുള്ള ഓവർഡോസ് രംഗങ്ങളായിരുന്നെങ്കിലും, ക്ലൈമാക്സിനെ അപേക്ഷിച്ച് സഹിക്കാവുന്നതായിരുന്നു അത്. സല്ലുഭായിയുടെ ഷർട്ടൂരിയുള്ള ഇടി ഇത്തവണ ക്ലൈമാക്സിൽ കാണാൻ കഴിയില്ല. എന്നാലും, അതിനുപകരമായി ഒരു ബോഡി ഷോ തുടക്കത്തിൽ കാണാം.
Also Read:
പല തവണ വില്ലനുമായി ഏറ്റുമുട്ടുന്ന എൻകൗണ്ടൻ സ്പെഷ്യലിസ്റ്റായ നായകന് ഒരു തോക്കെടുത്ത് അയാളെ വെടിവെയ്ക്കാൻ കഴിഞ്ഞില്ലെന്നതും, വില്ലനുള്ള ബിൽഡിംഗിൻ്റെ താഴെ നിന്നിട്ടും ഒന്നും ചെയ്യാതെ ഇരുമ്പു ചൂലുമെടുത്ത് സിറ്റി ക്ലീൻ ചെയ്യൽ (വില്ലനെ തോൽപ്പിച്ച് സിറ്റി ലഹരിമുക്തമാക്കുന്നത്)
അടുത്ത ദിവസത്തേക്ക് മാറ്റിവെയ്ക്കുന്നതും അടക്കം പല ഭാഗത്തും പ്രേക്ഷകരുടെ തല ഇടയ്ക്കിടെ ലോജിക്കിൽ ഇടിച്ചേക്കാം. പക്ഷേ, ആരാധകരെ ഹരം കൊള്ളിച്ച് സൽമാൻ്റെ സിംഹാസനത്തിന് കേടുപറ്റാതെ നോക്കുക എന്ന പ്രഭുദേവയുടെ ഉദ്ദേശശുദ്ധിയെ മാനിച്ച് അതൊക്കെ കണ്ടില്ലെന്ന് നടിക്കാം. ഒറ്റനോട്ടത്തിൽ നല്ല സംഭാഷണങ്ങളുടേയും ഗ്രാഫിക്സിൻ്റേയും കുറവുകൾ നികത്തി, കഥയ്ക്ക് കരുത്തേകുന്ന ഏതാനും രംഗങ്ങൾ ഉൾപ്പെടുത്തിയാൽ തീരാവുന്ന പ്രശ്നങ്ങളേ ചിത്രത്തിലുള്ളൂ.
പ്രഭുദേവ സംവിധാനം ചെയ്തിട്ടുള്ള ഭൂരിഭാഗം ചിത്രങ്ങളും റീമേയ്ക്കുകളാണ്. പ്രേക്ഷകരെ എൻ്റർടെയ്ൻ ചെയ്യിപ്പിച്ച് വാണിജ്യ വിജയം നേടാനുള്ള മസാലകൾ ചേർത്താണ് സംവിധായകൻ തൻ്റെ ചിത്രങ്ങളെല്ലാം ഒരുക്കിയിട്ടുള്ളത്. രാധേയും ഇത്തരത്തിൽ ഫെസ്റ്റിവൽ മൂഡിലുള്ള മസാല ചിത്രമാണ്. റേസ് 3 പോലെയുള്ള വെറും തട്ടുപൊളി ചിത്രങ്ങൾ തീയേറ്ററിൽ കോടികൾ നേടിയതിൻ്റെ കാരണം ആരാധകർക്ക് സൽമാനോടുള്ള ഇഷ്ടം മാത്രമാണ്. അങ്ങനെ നോക്കുമ്പോൾ കണ്ടിരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള ഒരു സൂപ്പർ എൻ്റർടെയ്നറാണ് രാധേ.
പെരുന്നാൾ ചിത്രം 'രാധേ'; വാണ്ടഡ് ഭായിയുടെ കൊറിയൻ കഥ!
Reviewed by Sachin Biju
on
May 13, 2021
Rating:
No comments: