പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ് ഓഫീസര്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വനിതാ ഐ എ എസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്‌ട്രേറ്റ് ഇനായത് ഖാനാണ് ഈ നല്ല മനസ്സിന്റെ ഉടമ.
ബിഹാറില്‍നിന്നുള്ള സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ ഠാക്കൂര്‍ എന്നീ ജവാന്മാരാണ് പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ചത്. ഇവരുടെ മക്കളില്‍നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനാണ് ഇനായത്ത് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
പത്തൊമ്പതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ പിതാവായിരുന്നു സഞ്ജയ്. രത്തന്‍ കുമാറിന് നാലുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.
സഞ്ജയ് കുമാറിന്റെയും രത്തന്റെയും അനുസ്മരണത്തിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു ഇനായത് തന്റെ സന്നദ്ധത അറിയിച്ചത്. സഞ്ജയിന്റെയും രത്തന്റെയും മക്കളെ കുറിച്ചുള്ള വിവരങ്ങള്‍ തന്നെ അറിയിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അവരില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സഞ്ജയിന്റെയും രത്തന്റെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഇതിലേക്ക് കളക്ടറേറ്റിലെ ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഇനായത് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിനിയായ ഇനായത്, 2012 ബാച്ച് ഉദ്യോഗസ്ഥയാണ്.
content highlights: district magistrate of Sheikhpura expresses willingness to adopt daughter of pulwama martyr, pulwama attack
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ് ഓഫീസര്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ് ഓഫീസര്‍ Reviewed by Sachin Biju on February 18, 2019 Rating: 5

No comments:

Powered by Blogger.