നോവായി നോമ്പരമായി ഇവർ; മലയാളത്തിലെ എക്കാലത്തേയും മികച്ച 8 പ്രണയ ചിത്രങ്ങൾ

പ്രണയം ചിലപ്പോൾ അങ്ങനാണ്, യാത്ര പോലും ചോദിക്കാതെ ഇറങ്ങി പോകും. മറ്റുചിലപ്പോൾ കാത്തിരിപ്പിന്റെ സുഖമുള്ള നോവ് നമ്മെ അറിയിക്കും. അരികിൽ ഇല്ലെങ്കിലും ഇഷ്ടങ്ങളെ ഓർത്ത് പുഞ്ചിരി തൂകുന്നവർക്ക് പ്രണയത്തിന്റെ അതിസുന്ദരമായ ഭാവങ്ങളെ തിരിച്ചറിയാനാകും. എല്ലാവരിലും ഉണ്ട് പ്രണയം. എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നറിയാത്ത ചില പ്രണയങ്ങൾ. അത്തരത്തിൽ ചില പ്രണയകഥകൾ, നഷ്ട പ്രണയങ്ങൾ മലയാള സിനിമയിൽ ഇന്നും ഒരു നോവായി, വേദനയായി നിൽക്കുന്നുണ്ട്. മലയാളികൾ മറക്കാൻ ആഗ്രഹിക്കാത്ത ചില പ്രണയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം. 

 

1. മേഘമൽഹാർ: (ബിജു മേനോൻ, സം‌യുക്ത വർമ)

 

കാഴ്ചയ്ക്കൊടുവിൽ ഒരു വിങ്ങലായി അവശേഷിക്കുന്ന മേഘമൽഹാർ. രാജീവിന്റേയും നന്ദിതയുടേയും സുന്ദര പ്രണയചിത്രം സംവിധാനം ചെയ്തത് കമൽ ആണ്. സഫലമാകാതെ പോയ പ്രണയത്തിന്റെ തിളക്കവും വേദനയും രോഷവുമെല്ലാം പ്രേക്ഷകർ അനുഭവിച്ചറിഞ്ഞ സിനിമ. സഫലമാകാതെ പോയ അവരുടെ നൊമ്പരങ്ങൾ കാഴ്ചക്കാരുടേതും കൂടെയായി. ബന്ധനങ്ങളുടെ ചങ്ങലക്കെട്ടിൽ ഒരിക്കലും ഒരുമിക്കാനാവാത്ത നായികാനായകന്മാർ ആയി തീർന്നു.  

 

നന്ദിത: എവിടെയെങ്കിലും വെച്ച് കണ്ട് മുട്ടിയാൽ പോലും പരിചയം കാണിക്കാതിരിക്കാൻ കണ്ടില്ലാന്ന് നടിച്ച് പോകാൻ ഇങ്ങനെ ഒരു നന്ദിതയെ അറിയേ ഇല്ലാന്ന് കരുതാൻ കഴിയോ? കഴിയണം. കഴിയുമെന്ന് നീ എനിക്ക് വാക്ക് തരണം. ഇങ്ങനെ ഒരു രാജീവനെ അറിയില്ലെന്ന് കരുതാൻ എനിക്കും കഴിയണം. കഴിയുമെന്ന് ഞാനും നിനക്ക് വാക്ക് തരുവാ. വേണ്ടെന്ന് വെയ്ക്കാൻ ശ്രമിച്ചിട്ടും പിന്നേയും പിന്നേയും വേണമെന്ന് തോന്നുന്ന ഈ ഇഷ്ടം നമുക്ക് വേണ്ട രാജീവ്. നിനക്കും വേണ്ട, എനിക്കും വേണ്ട. 

 

2. അഴകിയ രാവണൻ: (മമ്മൂട്ടി, ഭാനുപ്രിയ)

 

കുട്ടിക്കാലത്തെ പ്രണയം മനസിൽ സൂക്ഷിച്ച് മുംബൈയിൽ നിന്നും സ്വന്തം ഗ്രാമത്തിലേക്ക് ചില രഹസ്യങ്ങളുമായി എത്തുന്ന ശങ്കർദാസിന്റെ കഥയാണ് കമൽ പറഞ്ഞ അഴകിയ രാവണൻ. മമ്മൂട്ടിയും ഭാനുപ്രിയയും മനോഹരമാക്കിയ ചിത്രം. വേദനിക്കുന്ന കോടീശ്വരന്റെ മനസ് നിറയെ അവളായിരുന്നു, അനുരാധ. അനുരാധയെ സ്വന്തമാക്കാൻ ശങ്കർദാസ് കാണിച്ചുകൂട്ടുന്ന വേലത്തരങ്ങൾ നിരവധിയാണ്. ഒടുവിൽ, മോഹിച്ച കളിക്കൂട്ടുകാരിയെ സ്വന്തമാക്കി ശങ്കര്‍ദാസ് ബോംബെയിലേക്ക് മടങ്ങുകയാണ്. 

 

ശങ്കർദാസ്: പോകാൻ പുറപ്പെട്ടതാണ്, പക്ഷേ ഉപേക്ഷിച്ച് പോകാൻ കഴിയുന്നില്ല. ഞാൻ കാട്ടിക്കൂട്ടിയ ഒരുപാട് അബദ്ധങ്ങളുറ്റെ ഫലമാണ് നിനക്ക് സംഭവിച്ച് പോയ ഒരു അബദ്ധം. അത് തുറന്നു പറയാനുള്ള മനസ് നിനക്കുണ്ടായി. ആ മനസ് കാണാതെ ഞാൻ പോയാൽ ഇത്രയും കാലം കുട്ടിശങ്കരൻ നിന്നെ സ്നേഹിച്ചതിന് എന്താണ് അർത്ഥം?. നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല. എല്ലാ പരിശുദ്ധിയോടും കൂടി നീ ഇപ്പോഴും എന്റെ മനസിൽ ഉണ്ട്. എനിക്ക് അത് മതി. 

 

അനുരാധ: വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പൊ കുട്ടിശങ്കരനോട് സ്നേഹമാണ്. 

 

3. തൂവാനത്തുമ്പികൾ: (മോഹൻലാൽ, സുമലത)

 

പ്രണയത്തിന്റെ അനന്തസാധ്യതകൾ അത്രകണ്ട് സിനിമയിൽ കാണിച്ചയാളാണ് ലോഹിതദാസ്. അതിലൊന്നാണ് തൂവാനത്തുമ്പികൾ. പ്രണയവും മഴയും ഇഴപിരിയാത്ത തൂവാനത്തുമ്പികൾ. പ്രണയമെന്നാൽ മഴയാണ്, മഴയെന്നാൽ ക്ലാരയും. ഒരു മഴയാണ് ക്ലാരയും ജയകൃഷ്ണയും മലയാളി മനസിലേക്ക് പെയ്തിറങ്ങിയിട്ട് വർഷങ്ങളാകുന്നു. മഴ പെയ്യുമ്പോൾ നന്മൾ ക്ലാരയെ ഓർക്കും. മണ്ണാറത്തൊടിയിലെവിടെയോ അവൾ ഇന്നും പെയ്യാൻ കൊതിക്കുന്ന ഒരു കാരമേഘമായി കാത്തുനിൽപ്പുണ്ട്.

 

ക്ലാര: ഞാൻ എപ്പോഴും ഓർക്കും, ഓരോ മുഖം കാണുമ്പോഴും ഓർക്കും.

ജയകൃഷ്ണൻ: മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലെ? അങ്ങനെ കൂടി കൂടി ഒരുദിവസം ഇതങ്ങ് മറക്കും. 

ക്ലാര: മറക്കുമായിരിക്കും അല്ലേ? 

ജയകൃഷ്ണൻ: പിന്നെ മറക്കാതെ...

ക്ലാര: പക്ഷേ എനിക്ക് മറക്കണ്ട. 

 

4. മായാനദി: (ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി)

 

നിസഹായ പ്രണയജീവിതത്തിന്റെ ഹൃദയത്തിൽ ചാലിച്ച ആവിഷ്കാരമാണ് ആഷിഖ് അബുവിന്റെ മായാനദി. കവിതയുടെ താളത്തിൽ ഒരു ചെറുകഥയുടെ കുളിർമയോടെ ഒഴുകി നീങ്ങുകയാണ് മായാനദി ഇപ്പോഴും. സ്വന്തം ജീവനും ജീവിതവും അപകടത്തിലാഴ്ത്തി അപ്പുവിനെ തേടി അലയുന്ന, അവളെ കാത്തിരിക്കുന്ന മാത്തൻ ഇന്നും ചിലർക്കെങ്കിലുമൊക്കെ ഒരു നോവായിരിക്കും. മാത്തൻ തിരിച്ചെത്തിയാൽ അവനെ സ്വീകരിക്കാൻ അപ്പു തയ്യാറാണെന്ന് വ്യക്തമാക്കുന്ന ക്ലൈമാക്സ് ആയിരുന്നു മായാനദിയുടേത്. കാണുന്നവരുടെ മനസ്സിലും കണ്ണിലും അവരുടെ കാതുകളിലും സുഖം പകർന്നൊഴുകിയ മായാനദി. മാത്തന്റെ പ്രണയം നദിപോലെയാണ്, ഒരിക്കലും അവസാനിക്കാതെ ഒഴുകിയകലുന്ന ഒരു മായാനദി പോലെ. 

 

1. മാത്തൻ: അവളാണ് കറക്ട്. എന്നെ പോലുള്ളവന്മാരെ ശരിക്കും പോലീസിനു പിടിച്ച് കൊടുക്കുകയാ വേണ്ടത്. എനിക്കവളെ ഭയങ്കര ഇഷ്ടമാണ് സർ. 

 

2. അപ്പു: മാത്തൻ തിരിച്ച് വരുമെന്ന് എനിക്കുറപ്പുണ്ട്. അവനൊന്നും പറ്റില്ല. പൂച്ചേടെ ജന്മാ. നാളെ പടം റിലീസ് ആണ്. സന്തോഷം വരുമ്പോൾ ഞാൻ മാത്തനെ ഓർക്കും. ഇങ്ങനെനടക്കുമ്പോൾ ചിലപ്പോൾ പെട്ടന്ന് എവിടുന്നോ അവനെന്റെ അടുത്തേക്ക് ഓടി വരുന്നുണ്ടെന്ന് തോന്നും. 

 

5. നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ: (മോഹൻലാൽ, ശാരി)

 

അസാധ്യമായ ഭംഗിയോടെയാണ് സോഫിയയോട് സോളമൻ തന്റെ ഇഷ്ടം പറയുന്നത്. രണ്ടാനച്ഛൻ മാനഭംഗപ്പെടുത്തിയ തന്റെ പ്രണയിനിയെ ഉപേക്ഷിക്കാൻ തയ്യാറാകാതെ അവളെ ചേർത്തുപിടിച്ച് സോളമൻ യാത്രയാവുകയാണ്. അതുവരെ കണ്ടതിൽ നിന്നും നേർവിപരീതമായ ക്ലൈമാക്സ് ആയിരുന്നു പത്മരാജൻ നൽകിയത്. 

 

സോളമൻ: ശലമോന്റെ song of songs വായിച്ചിട്ടുണ്ടോ?”

സോഫിയ: ങ്ഹും

സോളമൻ: നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അതിന്റെ അടുത്ത വരി എന്താനെന്നറിയോ?”

സോഫിയ: ഇല്ല!

സോളമൻ; അല്ലെങ്കി വേണ്ട, പോയി ബൈബിള്‍ എടുത്തു വെച്ച് നോക്ക്.”

സോളമൻ പറഞ്ഞതനുസരിച്ച് സോഫിയ ബൈബിള്‍ എടുത്തു നോക്കുന്നു. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു...

“നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ എന്റെ പ്രേമം നിനക്ക് തരും! “

    

6. അനിയത്തിപ്രാവ്: (കുഞ്ചാക്കോ ബോബൻ, ശാലിനി)

 

പ്രണയത്തിനു മതമില്ല എന്നത് എത്ര സത്യം. അല്ലെങ്കിൽ മിനിക്ക് സുധിയോട് തിരിച്ച് ഇഷ്ടം തോന്നുമായിരുന്നില്ല. ആദ്യകാഴ്ചയിൽ തന്നെ മനസിൽ ചേക്കേറിയ പെണ്ണിനെ സ്വന്തമാക്കാനുള്ള സുധിയുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ നേർകാഴ്ചയാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. 

 

സുധി: മിനി ഇപ്പോ എന്റെ മനസിന്റെ കടുത്ത ഒരു വേദനയാണ്. ആദ്യം കണ്ട നിമിഷം മുതലേ മനസിനെ വരിഞ്ഞു മുറുക്കി നിൽക്കുന്ന ഒരു വലലത്ത വേദന. താങ്ങാൻ പറ്റുന്നില്ല. മിനി ഇപ്പൊ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ആ വേദന അങ്ങ് പോകും. ഇഷ്ടമല്ലാന്ന് പറഞ്ഞാലും അത് അങ്ങനെ പോകും. മറക്കാലോ എല്ലാം... പറ.

മിനി: എനിക്കങ്ങനെ ഒന്നും പറയാൻ അറിയത്തില്ല.

സുധി: അപ്പൊ ഇഷ്ടമാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ?

മിനി: അയ്യോ വേണ്ട..

സുധി: എന്നാൽ ഇഷ്ടമല്ലെന്ന് വിശ്വസിച്ചോട്ടെ?

മിനി: എന്തിനാ ഇങ്ങനെ ഒക്കെ?

സുധി: അപ്പൊ ഇഷ്ടാ അല്ലേ?

മിനി: അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.

സുധി: ശരി ഇഷ്ടമല്ല...

മിനി: ശൊ ഞാൻ പോവ്വാ... 

സുധി: വേണ്ടാ... പറഞ്ഞിട്ട് പോയാ മതി.

മിനി: നാളെ പറഞ്ഞാ മതി.

സുധി: മതി. ഒന്നും പറഞ്ഞില്ലെങ്കിലും ആ മനസ് ഞാൻ കാണുന്നുണ്ട്. എങ്കിലും നാളെ ഞാൻ കാത്ത് നിൽക്കും. 

 

7. യാത്ര: (മമ്മൂട്ടി, ശോഭന)

 

മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് സിനിമകളിലൊന്നാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര. മലയാളികൾക്ക് മറക്കാനാത്ത ഒരു പ്രണയകഥ. അനാഥനായ ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണന്റേയും തുളസിയുടേയും പ്രണയകഥ. തുളസിയെ ഓർമയിൽ സൂക്ഷിച്ച് നാളുകളെണ്ണി കാത്തിരിക്കുന്ന ഉണ്ണികൃഷ്ണന്റെ കഥ. 

 

അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ണികൃഷ്ണനെ ഒരു കുറ്റവാളിയാക്കുന്നു. 14 വർഷത്തെ ജയിൽ‌വാസം. ജയിലിലെ ആദ്യകാലങ്ങളിൽ ഉണ്ണികൃഷ്ണൻ തുളസിക്കെഴുതുന്ന ഒരു കത്തിൽ തന്നെ മറന്നുകൊള്ളാൻ പറയുന്നുണ്ട്. ജയിൽ ശിക്ഷ അവസാനിക്കാറായ സമയത്ത് ഉണ്ണികൃഷ്ണൻ തുളസിക്കെഴുതിയ മറ്റൊരു കത്തിൽ തുളസി ജീവിച്ചിരിപ്പുണ്ടെങ്കിൽ തനിക്ക് വേണ്ടി ഒരു ദീപം തെളിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഉണ്ണികൃഷ്ണന് വേണ്ടി ആ കുന്നിൻ‌ചെരുവിൽ നിറയെ ദീപങ്ങൾ കത്തിച്ച് വെച്ച് തന്നെ കാത്തിരിക്കുന്ന തുളസിക്കടുത്തേക്ക് നടന്ന് നീങ്ങുകയാണ് അയാൾ. അങ്ങനെ അവരുടെ പ്രണയത്തിന്റെ സുന്ദരനാളുകൾ അവിടെ തുടങ്ങുകയായ്. 

 

ഉണ്ണികൃഷ്ണൻ: തുളസിയെ കുറിച്ച് ഓർക്കുമ്പോഴൊക്കെ എല്ലാം തകർത്തിട്ട് അവളുടെ അരികിലേക്ക് ഓടിയെത്തണമെന്ന് ഒരു ഫീൽ. എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. എങ്ങനെയോ വർഷങ്ങൾ കടന്നു പോയി. ആരും കാണാതെ ഞാൻ ഒറ്റയ്ക്ക് കിടന്ന് കരഞ്ഞ രാത്രികൾ, ഞാനനുഭവിച്ച വേദനകൾ. ഓരോ ശ്വാസത്തിലും ഓർമിക്കാനുണ്ടായിരുന്നത് ഒന്നു മാത്രം. എന്റെ തുളസി.  

 

8. അന്നയും റസൂലും: (ഫഹദ് ഫാസിൽ, ആൻഡ്രിയ)

 

അപ്രതീക്ഷിതമായ് അന്നയെ കണ്ട് മുട്ടുമ്പോഴാണ് റസൂലിൽ പ്രണയം മൊട്ടിടുന്നത്. അവൻ പോലും അറിയാതെ. ഒരു നൊമ്പരമായി തീർന്ന അന്ന, വേദനായി അവശേഷിക്കുന്ന റസൂൽ. അവരുടെ ജീവിതവും ശ്വാസവും എല്ലാം പ്രണയത്തിനായി ആയിരുന്നു. അന്നയെ പിന്തുടരുന്ന് അവളെ ഭ്രാന്തമായി സ്നേഹിക്കുന്ന റസൂലിനെ നമ്മളും ഇഷ്ടപ്പെട്ട് പോകും. കടലിന്റെ ആഴങ്ങളിൽ കൺതുറന്ന് തന്റെ പ്രിയപ്പെട്ടവളെ തിരയുന്ന റസൂൽ പ്രണയാർദ്രതയുടെ തികച്ചും വ്യത്യസ്തമായ ഒരു മുഖം തന്നെയാണ്. 

 

അന്നയുടെ അപ്രതീക്ഷിത മരണത്തിൽ അയാൾ ആടിയുലയുന്നു. ഒരു യാത്രയുടെ ഇടയ്ക്ക് അനുവാദം പോലും ചോദിക്കാതെ റസൂലിന്റെ മനസിലേക്ക് ചേക്കേറിയ അന്ന, ആ യാത്രയുടെ അവസാനം അവനെ തനിച്ചാക്കി ഇറൺഗിപോവുകയാണ്. അന്നയുടെ മരണശേഷം ഏകനായി, അവൾ അവശേഷിപ്പിച്ച ഓർമ്മകളുടെ വേരുകൾ തേടുകയാണ് റസൂൽ. അതിൽ നിന്നും അയാൾ ഒരിക്കലും മോചിതനാകും എന്ന് കരുതാനാവില്ല. റസൂൽ അഘാതമായി പ്രണയിച്ചിരുന്നത് അന്നയെ ആണെങ്കിൽ അന്ന പ്രണയിച്ചത് മരണത്തെ ആണെന്ന് തോന്നി പോകും. 

 

റസൂ: എനിക്ക് തന്നെ ഇഷ്ടമാ. അതുകൊണ്ടാ കടയിൽ വന്നത്.

അന്ന: ഇത് നടക്കില്ല

റസൂൽ: എന്തുകൊണ്ട് നടക്കില്ല

അന്ന: വലിയ പ്രശ്നമാകും

റസൂൽ:  എന്താ നടക്കാത്തത് എന്ന് പറ

അന്ന: നിങ്ങൾക്ക് പറഞ്ഞാ മനസിലാകില്ല, വേണ്ട

റസൂൽ: നടക്കൂല്ലേ, എന്തുകൊണ്ട് നടക്കൂല്ല

അന്ന: നടക്കൂല്ല. ഞാൻ ക്രിസ്ത്യാനിയ.

റസൂൽ: ഞാൻ മുസ്ലീമായത് എന്റെ കൊഴപ്പാണോ?, തനിക്ക് എന്നെ ഇഷ്ടമാണോ?

അന്ന: എനിക്ക് പേടിയാ... 

നോവായി നോമ്പരമായി ഇവർ; മലയാളത്തിലെ എക്കാലത്തേയും മികച്ച 8 പ്രണയ ചിത്രങ്ങൾ നോവായി നോമ്പരമായി ഇവർ; മലയാളത്തിലെ എക്കാലത്തേയും മികച്ച 8 പ്രണയ ചിത്രങ്ങൾ Reviewed by Sachin Biju on March 10, 2020 Rating: 5

No comments:

Powered by Blogger.